അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചത്
നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ എ പി സിങ് ആണ് ഹാഥറസ് പ്രതികള്‍ക്കായും കോടതിയിലെത്തുക. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ കേന്ദ്ര മന്ത്രി രാജാ മഹാവേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭ. എ.പി സിങിന് ഫീസ് നല്‍കാനായി വന്‍തുക ഇതിനകം സംഘടന സമാഹരിച്ചു. മേല്‍ജാതിക്കാരെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് സംഘടനയുടെ ആരോപണം. ഇത് രാജ്പുത് വിഭാഗത്തെ വേദനിപ്പിച്ചെന്നും സംഘടന പറയുന്നു.
2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ബലാത്സഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികള്‍ക്കായും വാദിച്ചത് എ പി സിങ് ആയിരുന്നു. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്ക് വേണ്ടി അവസാനം വരെ എ.പി സിങ് വാദിച്ചു. വധശിക്ഷ ഒഴിവാക്കാനും പരമാവധി തന്ത്രങ്ങള്‍ പയറ്റി. തന്റെ മകള്‍ ആണ്‍സുഹൃത്തിനൊപ്പം രാത്രിയില്‍ പുറത്തിറങ്ങുകയോ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് കേസ് നടക്കുന്നതിനിടെ എ പി സിങ് പറഞ്ഞത് വിവാദമായിരുന്നു.
ഹാഥ്റസില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് 19കാരിയായ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ നാവരിഞ്ഞ ശേഷമാണ് അവര്‍ മടങ്ങിയത്. സെപ്തംബര്‍ 30ന് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു. വീട്ടുകാര്‍ക്ക് മൃതദേഹം അന്ത്യകര്‍മത്തിന് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ സംസ്കരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്നതിനിടെയാണ് പ്രതികള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് മേല്‍ജാതിക്കാരുടെ സംഘടന പരസ്യമായി രംഗത്തെത്തിയത്.
പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് മേല്‍ജാതിക്കാര്‍ പ്രതിഷേധ സംഗമം നടത്തിയത്. ബി.ജെ.പി നേതാവായ രാജ്‍വീര്‍ സിംഗ് പെഹല്‍വാന്‍റെ വീട്ടിലായിരുന്നു യോഗം. കേസിലെ നാല് പ്രതികളെയും വ്യാജ ആരോപണങ്ങളുടെ പിന്‍ബലത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എല്ലാവര്‍ക്കും നീതി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.