വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി യാത്ഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. താമരശേരി ചുരം പാതയ്ക്ക് ബദല്‍ എന്ന നിലക്കാണ് പാതയുടെ നിര്‍മാണം. പരിസ്ഥിതിക പ്രധാന്യത്തോടൊപ്പം വികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതിയെന്നും പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് അന്തിമ രൂപരേഖ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറിപ്പുഴയില്‍ നിന്നുമാരംഭിച്ച് കള്ളാടിയില്‍ അവസാനിക്കുന്ന തരത്തില്‍ 7.826 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്ക പാതയുടെ നിര്‍മാണം. പാത യാത്ഥാര്‍ത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി. കിഫ്ബി ഫണ്ടില്‍ നിന്നും 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതിയുണ്ട്. വടക്കന്‍ കേരളത്തിനാകെയും കോഴിക്കോട്-വയനാട് ജില്ലകളിലെ ടൂറിസം മേഖലയ്ക്കും പദ്ധതി ഗുണകരമാകും.