ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഡൽഹി എയിംസിലെ വിദഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നന്നാണ് എയിംസ് ഡോക്ടർമാർ സി.ബി.ഐയോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാകാമെന്ന വാദവും സംഘം തള്ളി.
കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബെെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം തെളിവുകളുടെ അടിസ്ഥാനത്തിൽ താരം ആത്മഹത്യ ചെയ്തതാണെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും, പ്രശ്നം പിന്നീട് രാഷ്ട്രീയ പോരിന് കാരണമായി.
സുശാന്തിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പ്രശ്നം പിന്നീട് ബി.ജെ.പി – ശിവസേന ചേരികളുടെ രാഷ്ട്രീയ അങ്കത്തിന് കാരണമാവുകയും ബോളിവുഡിലെ മയക്കുമരുന്ന് വേട്ടയിലേക്കുള്ള അന്വേഷണത്തിൽ വരെ എത്തി നിൽക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഇതിനിടെയിലാണ് താരം ആത്മഹത്യ ചെയ്തതാണെന്ന കാര്യം എയിംസ് സംഘം സി.ബി.ഐയെ അറിയിച്ചത്. സംഭവം കൊലപാതമാണെന്നതിന് തെളിവുകളില്ലെന്നാണ് സംഘം സി.ബി.ഐക്ക് നൽകിയ റിപ്പോർട്ടിൽ അറിയിച്ചിരികുന്നത്.