India National

ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെ; അരുണ്‍ ഗാദ്രെ

ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെപോകുന്നതായി ആരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രെ. ആരോഗ്യമേഖലയുടെ വാണിജ്യവത്കരണം തടയാന്‍ സര്‍ക്കാരുകള്‍ നയങ്ങളിലൂടെ ഇടപെടണമെന്നും ഗാദ്രെ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ അഴിമതിയെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗാദ്രെ.

അലയന്‍സ് ഓഫ് ഡോക്ടേഴ്സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേഖലയെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച നടന്നത്. ആരോഗ്യരംഗം പുരോഗമിക്കുമ്പോഴും ചികിത്സാഭാരം മൂലം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് പോകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാ അരുണ്‍ ഗ്രാദ്രെ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ആശുപത്രികളുടെ നിര്‍ബന്ധം മൂലം അനാവശ്യ മരുന്നും ചികിത്സയും നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു.

മരുന്നുത്പാദനം ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകൂ എന്നും ചര്‍ച്ചാ സംഗമം വിലയിരുത്തി. പദ്മശ്രീ ഡോ എം.ആര്‍ രാജഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹീലേഴ്സ് ഓര്‍ പ്രിഡേറ്റേഴ്സ് എന്ന പുസ്തകത്തിന്റെ ചര്‍ച്ചയും എത്തിക്കല്‍ ഡോക്ടേഴ്സ് ഹെല്‍ത്ത് മാനിഫെസ്റ്റോ പ്രകാശനവും ഇതോടൊപ്പം നടന്നു.