India National

ഹത്രാസ് ബലാത്സംഗ കൊലപാതക കേസ്; പ്രതിഷേധം ശക്തം, ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ

ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്‍കാന്‍ തയ്യാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലെത്താന്‍ അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു.

അതിനാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ തീരുമാനം. പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജന്തർമന്തറിലെ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും 100 പേർക്കെ പങ്കെടുക്കാനാകൂ എന്നും പൊലീസ് അറിയിച്ചു.

ഹത്രാസിലേക്ക് യാത്ര നടത്തിയ രാഹുല് ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും 153 പ്രവർത്തകർക്കും എതിരെ ജിബി നഗർ പൊലീസും , എകോടെക് പൊലീസും എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത അലഹബാദ് ഹൈക്കോടതി, സംസ്ഥാന സർക്കാര്‍ അഡീഷണൽ ചീഫ് സെക്രെട്ടറി, ഡിജിപി, ജില്ല മജിസ്ട്രേറ്റ് എന്നിവർക്ക് നോട്ടീസ് അയച്ചു. 12ന് മുമ്പായി മറുപടി നൽകാനാണ് നിർദേശം.