Entertainment India Kerala

വയലിൻ മാന്ത്രികന്‍ ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം, ദുരൂഹതക്കള്‍ ഇനിയും ബാക്കി

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലഭാസ്‌കറിന് തലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നും വന്നില്ല. പ്രതീക്ഷയോടെ കേരളം കാത്തിരുന്നെങ്കിലും മരണം ബാലുവിനെ കവര്‍ന്നെടുത്തു. ഒരാഴ്ച വെന്റിലേറ്ററില്‍ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അപകത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും രക്ഷപ്പെട്ടു.

പരസ്​പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി കാറപകടം സംബന്ധിച്ച്​ ദുരൂഹതകൾ ഇനിയും ബാക്കിയാണ്. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക്​ ക്രൈംബ്രാഞ്ച്​ എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്​തരയിരുന്നില്ല. ബാലഭാസ്കറിന്‍റെ ട്രൂപ്പംഗങ്ങൾ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് മരണത്തിൽ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്. ട്രൂപ്പംഗങ്ങളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും ബാലഭാസ്കറുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന്‌ ആദ്യം ആവശ്യം ഉയർന്നു.

സ്വാഭാവിക അപകട മരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുടുംബം തള്ളിയതോടെ സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങി. സംഭവത്തിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലാണ്‌. ഇതുവരെ 12 സാക്ഷികളുടെ മൊഴിയെടുത്തു. നാലുപേരുടെ നുണപരിശോധനയും കഴിഞ്ഞു. സി.ബി.ഐ അന്വേഷണത്തിൽ ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.