Kerala

ലൈഫ് മിഷന്‍; സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹരജിയിൽ സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ എഎസ്ജിയുമായ കെ വി വിശ്വനാഥനാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കെ വി വിശ്വനാഥൻ സർക്കാരിനായി വാദിക്കുക.

സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ലൈഫ് മിഷന്‍റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. വിദേശ ഏജന്‍സിയായ റെഡ് ക്രെസന്‍റും നിര്‍മാണക്കമ്പനിയായ യൂണിട്ടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.

ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രെസന്‍റും തമ്മിലാണ് കരാര്‍. റെഡ് ക്രെസന്‍റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഐ) 35–ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചതിനിടെയാണ് സര്‍ക്കാരിന്‍റെ നീക്കം.

ഹര്‍ജി സര്‍ക്കാരിന് നിര്‍ണായകം

ലൈഫിലെ സിബിഐ അന്വേഷത്തിനെതിരായ ഹൈക്കോടതിയിലെ ഹര്‍ജി സര്‍ക്കാരിന് നിര്‍ണായകം. ഹര്‍ജി അംഗീകരിച്ച് എഫ്.ഐ.ആര്‍ റദ്ദ് ചെയ്യുകയാണെങ്കില്‍ ഇതുവരെയുണ്ടായ വിമര്‍ശനങ്ങളെ അതിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതേസമയം ഹര്‍ജി തള്ളിയാല്‍ സര്‍ക്കാര്‍ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് പോകും.

ലൈഫിലെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ഇടത് മുന്നണി നിലപാട് തന്നെയാണ് സര്‍ക്കാരിനും. കേസിലെ സാങ്കേതികത്വം ചോദ്യം ചെയ്താണ് ഹര്‍ജിയെങ്കിലും കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിയമപോരാട്ടത്തിനിറങ്ങിയത്.

ലൈഫിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ സര്‍ക്കാരിന്‍റെ വിജയമായി മാറും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന പ്രചരണം കൂടുതല്‍ ശക്തമായി നടത്താന്‍ ഇടത് മുന്നണിക്കും കഴിയും.

അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കും. തങ്ങള്‍ പറഞ്ഞ വാദങ്ങള്‍ കോടതി തന്നെ അംഗീകരിച്ചുവെന്ന നിലപാട് പ്രതിപക്ഷത്തിന് സ്വീകരിക്കാന്‍ കഴിയും. ലൈഫില്‍ വന്‍ അഴിമതിയാണെന്ന പ്രചരണം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കും. ഹൈക്കോടതി ഹര്‍ജി തള്ളിയാലും നിയമനടപടികള്‍ സര്‍ക്കാര്‍ അതോടെ അവസാനിപ്പിക്കാനും സാധ്യതയില്ല.

കേസില്‍ അഴിമതി നിരോധന നിയമം കൂടി ചുമത്തി കേസ് എടുക്കാനുള്ള ശ്രമത്തില്‍ സി.ബി.ഐ

ലൈഫ് മിഷന്‍ കേസില്‍ എഫ്‍ ആർഎ ആക്ട് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം വന്നതോടെ പുതിയ നീക്കവുമായി സിബിഐ. കമ്മീഷന്‍ നല്‍കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് സിബിഐയുടെ നീക്കം. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും സ്വപ്ന സുരേഷ് അടക്കമുള്ള മറ്റുള്ളവരേയും ചോദ്യം ചെയ്തതിന് ശേഷം അഴിമതി നിരോധന നിയമം കൂടി ചുമത്തി കേസ് എടുക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും യുണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യാന് സിബിഐ തയ്യാറായില്ല. എഫ്‍സിആർഎ ആക്ടിന്റെ പരിധിയില്‍ കേസ് നില്ക്കുമോ എന്ന സംശയം സിബിഐക്ക് ഇപ്പോള്‍ ഉണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കമ്മീഷന്‍ നല്‍കിയ സംഭത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് സിബിഐ നീക്കം. ഉദ്യോഗസ്ഥർക്ക് അടക്കം കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനാണ് ശ്രമം.

റെഡ് ക്രസന്‍റ് യുണിടാക്കിന് നല്‍കിയ തുക എഫ്‍സിആർഎ ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് സർക്കാർ വാദം. നിർമ്മാണം പൂർത്തിയാക്കാനുള്ള തുകയാണ് കൈമാറിയിരിക്കുന്നത്. ഇത് സഹായധനമല്ല. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ വാദം. എന്നാല്‍ കമ്മീഷന് നല്‍കിയത് കുറ്റകരമാണെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസം സ്വപ്ന സുരേഷ് അടക്കമുളളവരെ കൂടി സിബിഐ ചോദ്യം ചെയ്യും. അതിന് ശേഷമാകും അഴിമിതി നിരോധന നിയമം കൂടി ചേർത്ത് കേസ് എടുക്കുക.