ജോസ് കെ മാണി വിഭാഗം എംഎൽഎമാർക്കെതിരെ പി.ജെ ജോസഫ് വിഭാഗം നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകി
അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം എംഎൽഎമാർക്കെതിരെ പി.ജെ ജോസഫ് വിഭാഗം നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകി. ജോസഫ് വിഭാഗം എംഎൽഎമാർക്കെതിരെ നേരത്തെ ജോസ് വിഭാഗം പരാതി നൽകിയിരുന്നു. ഇതോടെ വിപ്പ് തർക്കത്തിൽ സ്‌പീക്കറുടെ നിലപാട് നിർണായകമാകും.
കേരള കോൺഗ്രസിലെ ഇരു വിഭാഗവും എതിർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്ന പരാതിയുമായാണ് സ്‌പീക്കറെ സമീപിച്ചിട്ടുള്ളത് . വിപ്പ് ലംഘനത്തിൽ പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന പരാതി ആദ്യം നൽകിയത് ജോസ് വിഭാഗം എംഎൽഎ ആയ റോഷി അഗസ്റ്റിൻ ആണ്. ചങ്ങനാശ്ശേരി എംഎൽഎ സി.എഫ് തോമസിന്റെ നിര്യാണത്തെ തുടർന്ന് രണ്ട് എംഎൽഎമാർ മാത്രമായ ജോസഫ് വിഭാഗം റോഷി അഗസ്റ്റിനും എൻ ജയരാജിനുമെതിരെ പരാതി നൽകിക്കഴിഞ്ഞു.
ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശം സാധ്യമായാൽ സ്പീക്കർ നിലപാട് അനുകൂലമാകുമെന്ന് ജോസ് വിഭാഗം പ്രതീക്ഷിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയതിനെതിരെ ഹൈക്കോടതി സ്റ്റേ ലഭിച്ചത് ഗുണകരമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. വിഷയത്തിൽ നിയമസഭാ സ്പീക്കർ എടുക്കുന്ന നിലപാട് കേരള കോൺഗ്രസ് തർക്കങ്ങളിൽ നിർണായകമാകും. അതുകൊണ്ടുതന്നെ ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.