യു. എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്‍ത്തിയായി. കോവിഡ് പ്രതിരോധവും വംശീയാതിക്രമങ്ങളും മുഖ്യ ചര്‍ച്ചാ വിഷയമായി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൂടി നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ആദ്യ സംവാദം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ സംസാരിച്ചു കൊണ്ടിരിക്കെ നിരന്തരം തടസ്സപ്പെടുത്താനായിരുന്നു ട്രംപിന്‍റെ ശ്രമം. അതോടെ നിങ്ങളൊന്ന് മിണ്ടാതിരിക്കൂ എന്ന് ബൈഡന്‍. ആരോഗ്യകരമായിരുന്നില്ല ചര്‍ച്ചയുടെ തുടക്കം.
അടുത്തിടെ സുപ്രീംകോടതിയില്‍ ജഡ്ജിയെ നിയമിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് ബൈഡന്‍. അസ്വാഭാവികമായി ഒന്നുമില്ലെന്നും, ജനങ്ങള്‍ തന്ന അധികാരമാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി.
കോവിഡ് വ്യാപനത്തില്‍ ട്രംപ് രാജ്യത്തെ മനഃപ്പൂര്‍വം ദുരന്തത്തിലേക്ക് തള്ളിവിട്ടെന്നായിരുന്നു ബൈഡന്‍റെ അടുത്ത ആരോപണം. വാക്സിന്‍ ഉടന്‍ വരുമെന്ന വാഗ്ദാനം വിശ്വസിക്കരുതെന്നും പുടിന്‍റെ കൈയ്യിലെ പാവയാണ് ട്രംപെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ചത് അമേരിക്കയാണ് എന്നായിരുന്നു ട്രംപിന്‍റെ മറുപടി. അതിനിടെ ഇന്ത്യക്കിട്ടൊരു കൊട്ടും കൊട്ടി ട്രംപ്. ഇന്ത്യ കോവിഡ് മരണനിരക്ക് മറച്ചുവെക്കുകയാണ് എന്നായിരുന്നു ട്രംപിന്‍റെ ആരോപണം. കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്ര പേരാണ് മരിച്ചതെന്നതിന്‍റെ യാഥാര്‍ഥ്യം അറിയില്ല. ഇന്ത്യ മാത്രമല്ല, ചൈനയും റഷ്യയും മരണനിരക്ക് മറച്ചുവെക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആഫ്രോ അമേരിക്കന്‍ വംശജരെ ട്രംപ് മരണത്തിന് എറിഞ്ഞുകൊടുത്തു എന്നായിരുന്നു ബൈഡന്‍റെ അടുത്ത വിമര്‍ശനം. വംശീയ ആക്രമണങ്ങള്‍ക്ക് കാരണം തീവ്ര ഇടതുപക്ഷ സംഘടനകളാണെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
ട്രംപ് നികുതി വെട്ടിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയോട് പക്ഷേ കൃത്യമായി ട്രംപ് പ്രതികരിച്ചില്ല. ദശലക്ഷക്കണക്കിന് ഡോളര്‍ താന്‍ നികുതി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് മറുപടി നല്‍കിയത്. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ് ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. ഇത് വ്യാജവാര്‍ത്തയാണെന്നും ട്രംപ് പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപങ്ങളും ഇടപെടലുകളും തുടര്‍ന്നതോടെ അവതാരകന്‍ അച്ചടക്കം ഓര്‍മിപ്പിച്ചു. നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് സംവാദങ്ങള്‍ കൂടി ഇനി ബാക്കിയുണ്ട്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം. കക്ഷി രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്. പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പിന് മൂന്നു സംവാദങ്ങളിലും വിജയിച്ചു എന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയ ഹിലറി ക്ലിന്‍റണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല.