Kerala

ഇ പോസ് മെഷീനുകള്‍ പണിമുടക്കുന്നു: താറുമാറായി റേഷന്‍ വിതരണം

മെഷീന്‍ തകരാറു മൂലം റേഷന്‍ വിതരണം താറുമാറാകുന്നത് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തത്തെ സാരമായി ബാധിക്കുന്നുവെന്ന് വ്യാപാരികള്‍

സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ തുടര്‍ച്ചയായി തകരാറിലാവുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍. ഫോര്‍ ജി സിം നല്‌കി നെറ്റ്‍വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. സ്വന്തം ചിലവില്‍ റേഷന്‍ കടകളില്‍ ഐറിസ് സ്കാനര്‍ വെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ തളളി.

ഇ പോസ് മെഷീന്‍ തകരാറു മൂലം റേഷന്‍ വിതരണം താറുമാറാകുന്നത് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തത്തെ സാരമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോവിഡ് കാലമായിട്ടും റേഷന്‍ കടകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉടലെടുക്കുന്നത്. നിരന്തരം ഈ പ്രശ്നം ഉന്നയിച്ചിട്ടും യാതൊരു പരിഹാര നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

റേഷന്‍ കടകളിലെ ബയോമെട്രിക് സംവിധാനത്തിന് പകരമുള്ള ഒ.ടി.പി സംവിധാനവും നെറ്റ്‍വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം ഫലപ്രദമാകുന്നില്ല. ഇതിനു പകരം സ്വന്തം ചിലവില്‍ കൃഷ്ണമണി പരിശോധിച്ച് ആളെ തിരിച്ചറിയുന്ന ഐറിസ് സ്കാനര്‍ ഉപയോഗിക്കാനാണ് ഭക്ഷ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ തന്നെ ഇതിനുള്ള ചെലവ് വഹിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വ്യാപാരികള്‍ ഭക്ഷ്യമന്ത്രിയെയടക്കം സമീപിച്ചിട്ടുണ്ട്.