ബാറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാക്കി എക്സൈസ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ സ്വീകരിച്ച നടപടികളടക്കം ചൂണ്ടികാട്ടിയാണ് എക്സൈസ് വകുപ്പിന്റെ നീക്കം. എന്നാല്‍ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്.
നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്കുന്ന തങ്ങള്‍ക്ക് ഇതു വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനവും നല്കി.
പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിര്‍ദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന. സംസ്ഥാനത്ത് 596 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ടെന്നാണ് കണക്ക്. ബാറുകള്‍ തുറന്നാല്‍ പാഴ്സല്‍ വില്പന അവസാനിപ്പിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തന സമയം. നിശ്ചിത അകലത്തില്‍ കസേരകള്‍ ഇടണമെന്നും ഒരു മേശയില്‍ 2 പേര് മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കും.