International

അമേരിക്കയില്‍ സ്ഥാനാര്‍ഥി സംവാദം ഇന്ന്; ആകാംക്ഷയോടെ ലോകം

റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം.

പ്രചാരണ രംഗത്ത് കോവിഡ് മഹാമാരി കാരണം പല മാറ്റങ്ങളുമുണ്ടായെങ്കിലും സംവാദത്തിന് മാറ്റമില്ല. കക്ഷി രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്.

വ്യക്തിപരമായ കാര്യങ്ങള്‍ കഴിഞ്ഞാല്‍ അഞ്ച് വിഷയങ്ങളാണ് ട്രംപും ബൈഡനും തമ്മിലുള്ള സംവാദത്തില്‍ ചര്‍ച്ചയാകുക. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനം, കോവിഡ് പ്രതിരോധം, ജനകീയ പ്രക്ഷോഭങ്ങള്‍, തെരഞ്ഞെടുപ്പ് സുതാര്യത, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നീ കാര്യങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കും. ട്രംപ് പൊതുവേ ടെലിവിഷന്‍ ഷോകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നയാളാണ്. ജോ ബൈഡന്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ഏറെ കൌതുകമുള്ള കാര്യം.