കോവിഡ് ഭീതി മൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
കേരളത്തിലെ നഴ്സിംഗ് പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലെന്ന പരാതി വ്യാപകമാകുന്നു. കോവിഡ് ഭീതിമൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന മാർക്ക് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുബോള്‍, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഇതോടെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരളത്തില്‍ പഠിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തിന് പുറത്ത് പോയി നഴ്സിംഗ് പഠനം നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പലരും കേരളത്തിന് പുറത്തേക്ക് പോകാന്‍ മടിക്കുകയാണ്.
സംസ്ഥാനത്ത് തന്നെ പഠിക്കാനാകുമോ എന്നാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. നിലവില്‍ 6055 സീറ്റുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. ഇത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കില്ല. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് മാത്രമായി സീറ്റ് നിജപ്പെടുത്തേണ്ടി വരും. അമ്പതിനായിരത്തിലധികം അപേക്ഷകൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തിന് പുറത്ത് ഒട്ടനവധി തൊഴിൽ സാധ്യതയാണ് നഴ്സിംഗിനുള്ളത്.
ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് അവസരം നല്‍കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. ആരോഗ്യമന്ത്രിയെ സാഹചര്യങ്ങൾ ധരിപ്പിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പ്രവേശന നടപടികൾ വൈകാതെ അവസാനിക്കുമെന്നതിനാൽ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാകും.