നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കേണ്ഡയ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കില്‍ ഒരു യുവതിയുടെ കമന്റിന് മറുപടി നല്‍കുമ്പോഴായിരുന്നു കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്.
അദ്ദേഹം എല്ലായ്പ്പോഴും ഇങ്ങിനെ തന്നെയാണെന്നും ഇതില്‍ അതിശയമൊന്നുമില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. ഒപ്പം കട്ജുവിന്റെ പഴയ റിപ്ലൈകളുടെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് കട്ജു തന്നെയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കട്ജു ഇതാദ്യമായിട്ടല്ല വിമര്‍ശങ്ങള്‍ക്ക് പാത്രമാകുന്നത്. കിരണ്‍ ബേദിക്ക് പകരം മാധ്യമപ്രവര്‍ത്തകയായ ഷാസിയ ഇല്‍മിയെ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കണമെന്ന് കട്ജു അഭിപ്രായപ്പെട്ടിരുന്നു. ഷാസിയ ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വോട്ടു ചെയ്യാറില്ലാത്ത താന്‍ പോലും വോട്ടു ചെയ്യാനിറങ്ങുമായിരുന്നുവെന്നായിരുന്നു കട്ജുവിന്റെ പ്രസ്താവന. സംഭവം വിവാദമായപ്പോള്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് കട്ജു തടിയൂരി. ബോളിവുഡ് താരം കത്രീന കൈഫിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്നും കത്രീന സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ‘ ഷീല കി ജവാനി എന്ന പാട്ട് കൂടി പാടടണം എന്നും കട്ജു ആവശ്യപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.