സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. കർശന നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലും സുലഭമായി വിപണികളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.
നിരോധനം എവിടെ എത്തിയെന്ന് അറിയിണമെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. പ്ലാസ്റ്റിക്ക് ക്യാരി ബാഗ് മുതല്‍ നിരോധിച്ചിട്ടുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും. നിരോധനത്തിന്റെ പേരില്‍ പേപ്പര്‍ തുണിയും ഉപയോഗിച്ചുള്ള ക്യാരി ബാഗുകള്‍ വിപണിയിലുണ്ട്. പക്ഷേ വിലക്കൂടുതല്‍ കാരണം ആരും ഇവ ഉപയോഗിക്കാറില്ല.
പരിശോധനകളും നടപടികളും കര്‍ശനമായി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. ആവശ്യക്കാര്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോഴും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിനം പ്രതി പ്ലാസ്റ്റിക്ക് മാലിന്യവും കൂടി വരുകയാണ്.