ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എഐഎഫ്എഫ് പരിശീലനത്തിൽ നിന്ന് വിലക്കിയ യുവ പ്രതിരോധ നിര താരം അൻവർ അലിയെ പ്രത്യേക ശ്രദ്ധ നൽകി കളിപ്പിക്കാൻ തയ്യാറെന്ന് മൊഹമ്മദൻ സ്പോർട്ടിംഗ്. താരത്തെ 60 മിനിട്ടിൽ താഴെയോ 30 മിനിട്ടോ വീതം മത്സരങ്ങളിൽ കളിപ്പിക്കാൻ ക്ലബ് ഒരുക്കമാണെന്ന് ക്ലബ് സെക്രട്ടറി ദീപേന്ദു ബിസ്വാസ് പറഞ്ഞു. താൻ കളിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാവുമെന്നും കളിക്കാൻ അനുവദിക്കണമെന്നും യുവതാരം എഐഎഫ്എഫിനോട് അപേക്ഷിച്ചതിനു പിന്നാലെയാണ് ക്ലബിൻ്റെ പ്രതികരണം. 20കാരനായ താരത്തിന് പ്രത്യേകം പരിശീലനമൊരുക്കാൻ തയ്യാറാണെന്നും ക്ലബ് പറഞ്ഞു.
“ഇതേ ആരോഗ്യപ്രശ്നങ്ങളുള്ള ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഉണ്ടായിരുന്നു. പ്രത്യേക നിരീക്ഷണത്തിൽ അൻവറിനെ 60 മിങ്കിട്ട് കളിപ്പിക്കാനും പരിശീലിപ്പിക്കാനും ഞങ്ങൾ തയ്യാറാണ്. ഞാനും ഇങ്ങനെ ആരോഗ്യാവസ്ഥയിൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അൻവർ രാജ്യത്തിന് ലഭിച്ച ഒരു സ്വത്താണ്. മൊഹമ്മദൻ എന്നല്ല, ഏത് ടീമിനും അവൻ ഒരു മുതൽക്കൂട്ടാണ്. നിക്ഷേപകരെ സംഘടിപ്പിച്ച് ഐഎസ്എൽ പ്രവേശനത്തിനും ഞങ്ങൾ ശ്രമിക്കുകയാണ്.”- മുൻ ദേശീയ താരം കൂടിയായ ദീപേന്ദു ബിസ്വാസ് പറഞ്ഞു.
ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 20കാരനായ പ്രതിരോധ താരത്തിൻ്റെ ചികിത്സാവിവരങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തോട് പരിശീലനം നിർത്താൻ എഐഎഫ്എഫ് ആവശ്യപ്പെട്ടത്. യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായിരുന്നു അൻവർ അലി. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിലെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ, ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയത് താരത്തിനു തിരിച്ചടിയാവുകയായിരുന്നു. ചികിത്സാവിവരങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ വൈദ്യ സംഘം പരിശോധിക്കുകയാണെങ്കിലും താരത്തിനു വിരമിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.