Kerala

“ബി.ജെ.പി സംസ്ഥാന അധ്യക്ഷന് മാനസിക നില തെറ്റി, സുരേന്ദ്രനല്ല പിണറായി”: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

അത്രയും മാനസിക നില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്ന കാര്യം അവര്‍ ആലോചിക്കേണ്ട കാര്യമാണ്. അത്രയും മാനസിക നില തെറ്റിയിട്ടുളള ആള്‍.

ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസിക നില തെറ്റിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്തും വിളിച്ചു പറയാമെന്ന തരത്തിലേക്ക് മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

“അത്രയും മാനസിക നില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്ന കാര്യം അവര്‍ ആലോചിക്കേണ്ട കാര്യമാണ്. അത്രയും മാനസിക നില തെറ്റിയിട്ടുളള ആള്‍. സാധാരണ മാനസിക നിലയിലുളള ആള്‍ എന്തും വിളിച്ചു പറയില്ല. അങ്ങനെയൊരു ആളെ അധ്യക്ഷനാക്കി വെച്ചതിനെ കുറിച്ച് പാര്‍ട്ടിയാണ് ചിന്തിക്കേണ്ടത്. ഒരു ദിവസം രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു. വിളിച്ചു പറയുന്നു. ഇത് ഒരു പ്രത്യേക മാനസിക അവസ്ഥയാണ്. ഇതില്‍ ഞാനല്ല പറയേണ്ടത്.”- മുഖ്യമന്ത്രി പറഞ്ഞു.

“വാർത്താ സമ്മേളനത്തിലൂടെ കൂടുതൽ കാര്യങ്ങൾ പറയാൻ ഇപ്പോൾ തയാറാകുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്, അത് ഇങ്ങനെ പറയേണ്ടതല്ല. സുരേന്ദ്രനല്ല പിണറായി വിജയനെന്നു ഓർക്കണം. എന്തു നടപടി സ്വീകരിക്കുമെന്നു പിന്നീടു പറയാമെന്നും ഇതങ്ങനെ വിട്ടുപേോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യം സംസ്ഥാന അധ്യക്ഷൻ പറയുകയാണ്. അതിൻറെ മെഗാഫോണായി മാധ്യമങ്ങൾ മാറുന്നു. സാധാരണ പാലിക്കേണ്ട മര്യാദയുണ്ട്. ഒരാളെക്കുറിച്ച് എന്തും വിളിച്ചു പറയാമെന്നു കരുതരുത്. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോൾ അങ്ങനെ കാണാൻ സമൂഹത്തിനും മാധ്യമങ്ങൾക്കും കഴിയണം.” അനാവശ്യ കാര്യങ്ങൾ വിവാദമാക്കുമ്പോൾ മാധ്യമങ്ങൾ അതിന്റെ ഭാഗമാകുന്നതെന്തിനാണെന്നു മുഖ്യമന്ത്രി ചോദിച്ചു. എന്തു ഗൗരവമായ ആക്ഷേപമാണ് സുരേന്ദ്രൻ ഉന്നയിച്ചതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ഗൗരവുമുള്ളതാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.