അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്വീഡിഷ് കമ്പനിയായ എറിക്സണ് 450 കോടിരൂപ(63.30 മില്യണ്‍ ഡോളര്‍) നല്‍കണമെന്ന് ബുധനാഴ്ച്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നാല് ആഴ്ച്ചക്കുള്ളില് തുകയടച്ചില്ലെങ്കില്‍ അനില്‍ അംബാനി മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ഇത്ര വലിയ തുക നാല് ആഴ്ച്ചക്കുള്ളില് നല്കാന് എന്തെല്ലാമായിരിക്കും അനില്‍ അംബാനിക്ക് മുന്നിലുള്ള സാധ്യതകള്‍?
ടെലികോം നിര്‍മ്മാണ കമ്പനിയായ എറിക്സണിന് 571 കോടി രൂപയാണ് റിലയന്‍സ് നല്കാനുണ്ടായിരുന്നത്. ഇതില്‍ 21 കോടിരൂപ പലിശയാണ്. 118 കോടിരൂപ എറിക്സണ് നല്‍കിയെന്ന് വ്യാഴാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കിയിരുന്നു. മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും കടം വാങ്ങി 260 കോടി നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ കടക്കെണിയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കടം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്.
അനില്‍ അംബാനിയുടെ മൂത്ത സഹോദരനും ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരനുമായ മുകേഷ് അംബാനിയാണ് മറ്റൊരു സാധ്യത. ഒപ്റ്റിക്കല്‍ കേബിളുകളും അനുബന്ധ ടെലികോം ഉപകരണങ്ങളും ജിയോക്ക് നല്കിയ വകയില്‍ ആര് കോമിന് 5000 കോടി രൂപ ലഭിക്കാനുണ്ട്. ഈപണം എത്രയും വേഗം നല്‍കണമെന്ന ആവശ്യം അനിന് അംബനിയുടെ കമ്പനി ജിയോക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഇതുവരെ 780 കോടി രൂപ ജിയോയില്‍ നിന്നും ആര് കോമിന് ലഭിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള പണം ഇതുവഴി മാത്രം ലഭിക്കാനും സാധ്യത ഏറെയാണ്.
അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് സുപ്രീംകോടതി വിധി കൂടി തിരിച്ചടിയാകുന്നത്. ഊര്‍ജ്ജമേഖലയിലെ റിലയന്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ വില്ക്കാന് കമ്പനി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 42 ശതമാനം ഓഹരികളും കടക്കാര്‍ക്ക് നല്കാന് വ്യാഴാഴ്ച്ച തീരുമാനമായിരുന്നു.