കാർഷിക ഓർഡിനൻസുകൾക്കെതിരെ ഉത്തരേന്ത്യയിൽ സമരം പടരുന്നു. കൃഷിയെ കോർപ്പറേറ്റ് വൽക്കരിക്കുന്നനെതിരെ നാളെ ദേശിയ തലത്തിൽ കർഷകപ്രക്ഷോഭം നടക്കും. വിവാദ ഓർഡിനൻസുകൾ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ പാസ്സാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
കർഷകരെ അടിമുടി ബാധിക്കുന്ന മൂന്ന് ഓർഡിനൻസുകൾക്കെതിരെയാണ് പ്രക്ഷോഭം. അവശ്യവസ്തുനിയമം, വില ഉറപ്പാക്കൽ, കൃഷിയിട സേവന കരാർ, കർഷകോല്പന്ന വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് പാർലമെൻറിൻ്റെ പരിഗണനയ്ക്കു വരുന്നത്. ഓർഡിനൻസുകൾ പ്രാബല്യത്തിലാകുന്നതോടെ കർഷകർക്ക് സ്വന്തം ഉല്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുമെന്നാണ് സർക്കാരിൻ്റെ വാദം. എന്നാൽ കാർഷിക മേഖലയെ കോർപ്പറേറ്റ് വത്കരിക്കാനും നിരോധിതമായ കരാർ കൃഷിയ്ക്ക് നിയമ പ്രാബല്യം നൽകാനുമുള്ള ശ്രമമാണിതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. വൻകിട കോർപ്പറേറ്റുകൾ രംഗത്തെത്തുമ്പോൾ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ‘ താങ്ങുവില പോലുള്ള ആനുകൂല്യങ്ങൾ കിട്ടില്ലെന്ന് അവർ പരാതിപ്പെടുന്നു.കേരളം കർണാടക തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ മധ്യ പ്രദേശ് എന്നിവിടങ്ങളിൽ സമരം ശക്തമാകും. പഞ്ചാബിൽ തുടക്കമിട്ട സമരം, ഹരിയാനയും പിന്നിട്ട് ഉത്തർപ്രദേശിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഹരിയാനയിലെ പിപ്പ്ലിയിൽ കർഷകർ ഡൽഹി ഹൈവേ ഉപരോധിച്ചിരുന്നു. പഞ്ചാബിൽ പല തവണ കർഷകർ ട്രാക്ടർ റാലി നടത്തിയിരുന്നു.