Kerala

ചോദ്യം ചെയ്യല്‍: ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് വന്നതോടെ പ്രതിരോധം തീർക്കുക സർക്കാരിന് എളുപ്പമാവില്ല.

കെ.ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽ. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് വന്നതോടെ പ്രതിരോധം തീർക്കുക സർക്കാരിന് എളുപ്പമാവില്ല. എന്നാൽ രാജി ആവശ്യം അംഗീകരിക്കേണ്ടെന്നാണ് നിലവിൽ സി.പി.എം നിലപാട്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി, സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഒരു മന്ത്രിയിലേക്ക് ഇ.ഡി നീങ്ങിയത്. ഇതോടെ ശിവശങ്കറിനപ്പുറത്തേക്ക് അന്വേഷണം നീങ്ങില്ലെന്ന സർക്കാരിന്‍റെ ആത്മവിശ്വാസമാണ് തകർന്നത്. സ്വർണക്കടത്ത് കേസിൽ മന്ത്രി തന്നെ സംശയമുനയിലാകുന്നത് സർക്കാരിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ചോദ്യം ചെയ്തതത് പ്രതിപക്ഷം ഇതിനകം ആയുധമാക്കിക്കഴിഞ്ഞു. മന്ത്രിയുടെ രാജിക്കൊപ്പം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷം നീക്കം. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചതിന് രാജിവെയ്ക്കേക്കേണ്ടതില്ലെന്നാണ് സി.പിഎം നിലപാട്. ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ആലോചിക്കുന്നുണ്ട്.