ഉത്തര്‍പ്രദേശിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയങ്കാഗാന്ധിയുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയ എ.ഐ.സി.സി സെക്രട്ടറിയെ നിയമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പുറത്താക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റ് ചെയ്യപ്പെട്ട എ.ഐ.സി.സി സെക്രട്ടറി കുമാര്‍ ആഷിഷിനെയാണ് പ്രിയങ്കാഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം പാര്‍ട്ടി നീക്കം ചെയ്തത്. കുമാര്‍ ആഷിഷിനെ നിയമിച്ചതിനെതിരെ വിമര്‍ശനവുമായി ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു
2005 ലെ ബീഹാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായിരുന്ന ആളാണ് എ.ഐ.സി.സി സെക്രട്ടറിയായ കുമാര്‍ ആഷിഷ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കുമാര്‍ ആഷിഷിനെ അന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നുവെങ്കിലും വീണ്ടും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയായിരുന്നു. പിന്നീട് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കുമാര്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അകപ്പെട്ട ചരിത്രം വീണ്ടും ചര്‍ച്ചയായതോടെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി കുമാര്‍ ആഷിഷിനെ നീക്കാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചത്. പകരം സെക്രട്ടറിയായ സച്ചിന്‍ നായികിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള പ്രിയങ്കാഗാന്ധിക്കും പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യക്കും ഒപ്പം മൂന്ന് വീതം സെക്രട്ടറിമാരെയാണ് കോണ്‍ഗ്രസ് യു.പിയിലെ പ്രവര്‍ത്തനങ്ങളുടെ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത്. ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് കുമാര്‍ ആഷിഷിന്‍റെ നിയമനത്തില്‍ വലിയ വിമര്‍ശനം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിരുന്നു.