Kerala

യാത്രക്കാരില്ല; ബസുകള്‍ വില്‍പ്പനക്ക് വെച്ച് ഉടമകള്‍, വാങ്ങാനാളുമില്ല

കനത്ത നഷ്ടത്തിലേക്ക് സ്വകാര്യ ബസ് വ്യവസായം കൂപ്പ് കുത്തിയതോടെ ബസുകള്‍ വില്‍പ്പനക്ക് വെച്ച് ഉടമകള്‍. പുതിയ ബസുകള്‍ പോലും വില്‍പ്പനക്ക് വെച്ചിട്ടുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലാത്തത് പ്രതിസന്ധിയാവുകയാണ്. ഭൂരിഭാഗം ബസുടമകളും വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നത്. യാത്രക്കാരില്ലാതായതോടെ ഭൂരിഭാഗം ബസുകളും ജി ഫോം നല്‍കി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്.

അനിശ്ചിതമായി ഓടാതിരുന്നാല്‍ ബസ് നശിക്കും. പുതിയ ബസാണെങ്കിലും വില്‍ക്കുകയല്ലാതെ വേറെ വഴിയില്ല. 1100ഓളം സ്വകാര്യ ബസുകളുള്ള കോഴിക്കോട് ജില്ലയില്‍ നൂറില്‍ താഴെ ബസുകളെ നഷ്ടം സഹിച്ചും ഓടുന്നുള്ളൂ. ഇതും വൈകാതെ ഓട്ടം അവസാനിപ്പിക്കും. ബസ് വില്‍ക്കാന്‍ വെച്ചിട്ടുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ബസുടമകള്‍.

സര്‍ക്കാര്‍ സഹായമില്ലാതെ ഇനി ഈ വ്യവസായം മുന്നോട്ട് പോകാനാവില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.