തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന് അന്തിമ തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് വിയോജിപ്പുണ്ടായിരിന്ന സി.പി.എമ്മിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്.
ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് തുടങ്ങിയ കാര്യങ്ങളായിരിക്കും സര്‍ക്കാര്‍ പറയുന്നത്.