സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്ക്കരണത്തിന് പദ്ധതി ആവിഷ്കകരിച്ചു. ‘ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്കും’ അറാസ്കോ കമ്പനിയും ഇത് സംബന്ധിച്ച സഹകരണ കരാറില്‍ ഒപ്പുവെച്ചു. തൊഴിലന്വേഷകര്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതിനും, ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഉടമ്പടി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഭക്ഷ്യ മേഖലയിലെ തൊഴിലുകൾക്ക് സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകുക, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോത്പാദന രംഗത്ത് ആവശ്യമായ ഉപദേശ നിർദേശങ്ങൾ എന്നിവയാണ് കരാറിന്റെ ഭാഗമായി നടപ്പാക്കുക. ‘ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽ അഖീലിയും അരാസ്കോ മാനവ വിഭവശേഷി എക്സിക്യൂട്ടീവ് പ്രസിഡണ്ട് ഖാലിദ് മുഹമ്മദ് ഗൻദൂറയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ അരാസ്കോ നടത്തിയ പരിശീലനങ്ങളുടെ ഭാഗമായി ഭക്ഷ്യ, ക്ഷീര രംഗത്തേക്ക് നിരവധി സൗദി ജോലിക്കാരെ നിയമിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഇബ്രാഹീം അൽ അഖീലി പറഞ്ഞു. എന്നാൽ ഈ മേഖലയിൽ കൂടുതൽ സ്വദേശിവത്ക്കരണം നടപ്പാക്കേണ്ടതുണ്ട് എന്നതിനാലാണ് കൂടുതൽ പരിശീലനം സംഘടിപ്പിക്കുന്നത്.
തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫണ്ട് (ഹദഫ്), സൗദി വൊക്കേഷണൽ ആൻഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് പരിശീലനം നടക്കുക. പരിശീലനം അവസാനിക്കൂന്നതോടെ രാജ്യത്തെ ഭക്ഷ്യോത്പാദന കമ്പനികളിൽ നിയമനവും നടക്കും. രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഭക്ഷ്യോത്പാദന മേഖലക്കും വിപണിക്കും ആവശ്യമായ പരിശീലനം സ്വദേശി യുവാക്കൾക്ക് നൽകുന്നതോടെ ഈ രംഗത്തെ സ്വദേശിവത്കരണം സാക്ഷാത്കരിക്കാനാവുമെന്നും അധികൃതർ വിശദീകരിച്ചു.