Association International Pravasi

ആലംബഹീനരായ നാട്ടിലെ രണ്ടായിരം പേർക്ക് ഓണസദ്യയൊരുക്കി ഓസ്‌ട്രേലിയയിലെ കേരള അസോസിയേഷനും ,അറുന്നൂറിൽപരം അശരണർക്കു സദ്യയും ,സമ്മാനവുമൊരുക്കി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടും.

സമൃദ്ധിയുടെ ഓര്‍മ്മകള്‍ തുളുമ്പുന്ന ഒരോണക്കാലം കൂടി പോയ്മറഞ്ഞു . ഓണമാഘോഷിക്കാനൊരുങ്ങിയ ഒരോ മലയാളിക്കുമുന്നിലും ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകമാകെ കീ‍ഴടക്കിയ കോവിഡ് 19 എന്ന മഹാമാരി. ഈ ദുരിതപർവ്വങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തവും അതിലേറെ അനുകമ്പാനുദ്രമായ മനോഭാവം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു ഓണാഘോഷമാണ് ആസ്ട്രേലിയയിലെ ടൗൺസ്വില്ല് നിന്നുള്ള കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലും ,സ്വിറ്റസർലണ്ടിലെ ബി ഫ്രണ്ട്‌സും ഒരുക്കിയത് ,

നാട്ടിലെ അഗതികൾക്കും ആലംബഹീനർക്കുമായി ഒരു ഓണസദ്യ!!! ഇത്തവണത്തെ ഓണക്കാലം ഒരോ മലയാളിക്കും അതിജീവനത്തിന്‍റേതാണ്. നിരവധി മാനുഷിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനകൾ ഈ അതി ജീവനസമരത്തിൽ പിറന്ന മണ്ണിനെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്. കൊവിഡ് 19 ന്റെ പ്രതിസന്ധികളെ വകഞ്ഞു മാറ്റി സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള എളിയ ശ്രമം.

കേരളത്തിലെ വിവിധ ജില്ലകളിലായി ഏതാണ്ട് 12 ഓളം അനാഥാലയങ്ങളിലെ രണ്ടായിരത്തോളം (2000) അഗതികൾക്ക് ഓണസദ്യയും ,സമ്മാനവും ഒരുക്കി KAT ഈ വർഷത്തെ ഓണം ആഘോഷിച്ചത് . അതോടൊപ്പം കഴിഞ്ഞ വർഷത്തെ പെരുമഴക്കാലത്ത് മണ്ണിടിച്ചിലിൽപ്പെട്ട വയനാട്ടിലെ ഹതഭാഗ്യരായ 30ഓളം ആളുകൾക്കും ഓണസദ്യയൊരുക്കി സാഹോദര്യത്തിന്റെ പുതുമാനങ്ങൾ തേടിയിരിക്കയാണ് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ല്. കേരളത്തിലെ പതിനാല്‌ അഗതിമന്ദിരങ്ങളിൽ അറുന്നൂറോളം അശരണർക്കു സദ്യയും ,സമ്മാനവും നൽകി ബി ഫ്രണ്ട്‌സും ഈ വർഷത്തെ ഓണമാഘോഷിച്ചു .

കോവിഡ് മഹാമാരിയും ദുരന്തങ്ങളും സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സു പതറാതെ, അതേസമയം രോഗവ്യാപനം തടയുന്നതിന് സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രാദേശികമായ ഓണാഘോഷങ്ങൾ വേണ്ടെന്ന് വച്ചുകൊണ്ടാണ് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലും ,ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടും ഇങ്ങനെയൊരു തീരുമാനമെടുത്തത് .സംഘടനയിലെ മെമ്പർമാരും,സുഹൃത്തുക്കളും എക മനസ്സോടെ അവരുടെ കാരുണ്യത്തിന്റെ കരങ്ങളെ ഉയർത്തിയപ്പോൾ അശരണർക്കു അത്താണിയായി …

പ്രവാസലോകത്തെ ചെറുതും ,വലുതുമായ നിരവധി പ്രവാസ സംഘടനകൾ ഈ വർഷത്തെ പ്രാദേശിക ഓണാഘോഷാങ്ങൾക്കു പകരമായി നാട്ടിലെ ചാരിറ്റി പ്രവർത്തങ്ങളിലാണ് ശ്രെദ്ധയൂന്നിയതു ..കോവിഡ് കാലമാണെങ്കിലും ഇതൊരു നല്ല തുടക്കമായി പ്രവാസി മലയാളികൾ വിലയിരുത്തുന്നു .

ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ സമൂഹത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Riport- Kerala Desk