Football Sports

ബാഴ്സയിൽ ശുദ്ധീകരണം തുടങ്ങി: റാക്കിറ്റിച്ച് ക്ലബ് വിട്ടു; സെവിയ്യയിൽ രണ്ടാം വട്ടം ബൂട്ടു കെട്ടും

ബാഴ്സലോണയുടെ ക്രൊയേഷ്യൻ മിഡ്‌ഫീൽഡർ ഇവാൻ റാക്കിറ്റിച്ച് ക്ലബ് വിട്ടു. മുൻ ക്ലബായ സെവിയ്യയിലേക്കാണ് റാക്കിറ്റിച്ച് കൂടു മാറിയത്. സെവിയ്യയ്ക്കൊപ്പം യൂറോപ്പ ലീഗ് വിജയിച്ചതിനു പിന്നാലെയാണ് റാക്കിറ്റിച്ച് ബാഴ്സയിൽ എത്തിയത്. 2014ൽ ക്ലബിലെത്തിയ താരം 6 വർഷങ്ങൾക്കു ശേഷമാണ് സെവിയ്യയിലേക്ക് മടങ്ങുന്നത്. ക്ലബിനൊപ്പം 4 വട്ടം ലാലിഗ, കോപ്പ ഡെൽ റേ കിരീടം നേടിയ താരം ഒരു ചാമ്പ്യൻസ് ലീഗ് ജയത്തിലും ഒരു ക്ലബ് വേൾഡ് കപ്പ് ജയത്തിലും പങ്കാളിയായി.

കഴിഞ്ഞ പതിറ്റാണ്ടിൽ ബാഴ്സലോണ നടത്തിയ ഏറ്റവും മികച്ച സൈനിങ് ആയിരുന്നു റാക്കിറ്റിച്ച്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിലും ബാഴ്സ കുപ്പായത്തിൽ എല്ലാ മധ്യനിര പൊസിഷനുകളിലും അദ്ദേഹം ബൂട്ടു കെട്ടി. വിങ്ങറായും ഡിഫൻസീവ് മിഡ്ഫീൽഡറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായുമൊക്കെ ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് അദ്ദേഹം കളിച്ചു. ബാഴ്സലോണക്കായി 200 മത്സരങ്ങളിലാണ് അദ്ദേഹം കളത്തിലിറങ്ങിയത്. 25 ഗോളുകളും നേടി. ബാഴ്സയിലെത്തിയ ആദ്യ സീസണിൽ തന്നെ ലാ ലിഗ, കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവ നേടി ട്രെബിൾ കിരീട നേട്ടത്തിൽ പങ്കാളിയായി. നിർണായക അവസരങ്ങളിൽ ഗോളുകൾ നേടി ടീമിനെ നിശബ്ദനായി രക്ഷിച്ച ഒരു ടീം മാനായിരുന്നു റാക്കിറ്റിച്ച്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് ബാഴ്സലോണയിൽ തലകൾ ഉരുണ്ടു തുടങ്ങിയത്. ക്വിക്കെ സെറ്റിയനെ പുറത്താക്കി റൊണാൾഡ് കോമാനെ പരിശീലകനാക്കിയിരുന്നു. ടെക്നിക്കൽ ഡയറക്ടറയിരുന്ന മുൻ താരം എറിക് അബിദാലിനെ മാറ്റി അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് ആയിരുന്ന റാമോൺ പ്ലെയിൻസിനെയും നിയമിച്ചു. പീക്കെ, സുവാരസ് തുടങ്ങിയ താരങ്ങളെയും ഒഴിവാക്കുമെന്നാണ് സൂചന.