Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് നല്‍കിയത് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ്

നിക്ഷേപം വക മാറ്റിയത് പോപ്പുലർ ഡീലേഴ്സ്, റിയാ മണി എക്സ്ച്ചേഞ്ച്, റിയാ ആന്‍റ് റിനു കമ്പനീസ് തുടങ്ങിയ കമ്പനികളിലേക്ക്

സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കിയും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തി. പണം വക മാറ്റി മൈ പോപ്പുലര്‍ എന്ന കമ്പനിയുടെ ഓഹരിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. തട്ടിപ്പിന്‍റെ തെളിവുകള്‍ മീഡിയാവണിന് ലഭിച്ചു.

പോപ്പുലര്‍ ഫിനാന്‍സില്‍ സ്ഥിര നിക്ഷേപമായി എത്തിയ പണം ഉടമകളുടെ നിയന്ത്രണത്തിലുള്ള മറ്റു കമ്പനികളില്‍ ഓഹരിയാക്കി മാറ്റുകയാണ് ചെയ്തത്. പോപ്പുലർ ഡീലേഴ്സ്, റിയാ മണി എക്സ്ച്ചേഞ്ച്, റിയാ ആൻറ് റിനു കമ്പനീസ് തുടങ്ങിയ കമ്പനികളിലേക്കും നിക്ഷേപങ്ങള്‍ വകമാറ്റി. ഇതൊന്നും തങ്ങളറിഞ്ഞില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് നല്‍കിയത് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ്

പലിശ മാത്രം പ്രതീക്ഷിച്ചുള്ള നിക്ഷേപങ്ങള്‍ ഓഹരിയായി മാറിയതോടെ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കൂടി ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരും. ഓഹരി സ്വീകരിച്ച കമ്പനികള്‍ പോപ്പുലര്‍ വഴി ഉപഭോക്താക്കള്‍ക്ക് പലിശ എത്തിച്ചതിനാല്‍ ആര്‍ക്കും സംശയവുമുണ്ടായില്ല.

വലിയ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണിതെന്ന് അന്വേഷണ സംഘം കരുതുന്നു . കമ്പനി ഉടമ തോമസ് ഡാനിയലിന്‍റെ മരുമക്കളെ കൂടി പിടികൂടിയാലേ തട്ടിപ്പിന്‍റെ വ്യാപ്തി മനസ്സിലാകൂ.