പുകവലി ശ്വാസകോശാരോഗ്യത്തിന് വലിയ ഭീഷണിയാണെങ്കിലും, പുകവലിക്കാത്തവരെയും വായുമലിനീകരണം, വീടിനുള്ളിലെ പുക, ജോലിസ്ഥലത്തെ പൊടി-രാസവസ്തുക്കൾ എന്നിവ ബാധിക്കാം. ശ്വാസകോശ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
വായുമലിനീകരണം ശ്രദ്ധിക്കുക
വാഹനപ്പുകയും പൊടിയും സൂക്ഷ്മകണികകളും ശ്വാസകോശത്തെ ബാധിക്കാം. വായു ഗുണനിലവാരം മോശമായ ദിവസങ്ങളിൽ പുറത്തിറങ്ങുന്ന സമയം കുറയ്ക്കുകയും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.
വീട്ടിനുള്ളിലെ പുക ഒഴിവാക്കുക
വിറക്, കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചുള്ള പാചകം, വായുസഞ്ചാരം കുറവുള്ള മുറികൾ, കത്തിക്കുന്ന കൊതുകുതിരി എന്നിവ വീടിനുള്ളിലെ മലിനീകരണം വർധിപ്പിക്കാം. അടുക്കളയിൽ മതിയായ വെന്റിലേഷൻ ഉറപ്പാക്കുക.
ജോലിസ്ഥലത്തെ പൊടിയും രാസവസ്തുക്കളും
നിർമാണം, പെയിന്റിങ്, കെമിക്കൽ ഫാക്ടറികൾ, ക്ലീനിങ് ജോലികൾ തുടങ്ങിയ ഇടങ്ങളിൽ പൊടി, പുക, ഗ്യാസ്, രാസവസ്തുക്കൾ ശ്വാസകോശത്തെ ബാധിക്കാം. സ്ഥാപനത്തിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ശരിയായ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുകയും വേണം.
ശ്വാസംമുട്ടൽ അവഗണിക്കരുത്
വിട്ടുമാറാത്ത ചുമ, വിസിൽ ശബ്ദത്തോടെയുള്ള ശ്വാസം, നെഞ്ച് മുറുക്കം, ശ്വാസംമുട്ടൽ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. ജോലിസ്ഥലത്ത് ലക്ഷണങ്ങൾ കൂടുകയും അവധി ദിവസങ്ങളിൽ കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ജോലി സംബന്ധമായ ആസ്ത്മയുടെ സൂചനയാകാം.
വീട്ടുപയോഗ ഉൽപ്പന്നങ്ങളും ശ്രദ്ധിക്കുക
പെയിന്റ്, സോൾവന്റ്, ശക്തമായ പെർഫ്യൂം, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ ശ്വാസതടസമോ അസ്വസ്ഥതയോ ഉണ്ടെങ്കിൽ ഉപയോഗം നിർത്തി വായുസഞ്ചാരമുള്ള ഇടത്തേക്ക് മാറുക.
ആസ്ത്മ, സിഒപിഡി പോലുള്ള രോഗങ്ങൾക്ക് മരുന്ന് നിർദേശിച്ചിട്ടുള്ളവർ ചികിത്സ സ്വമേധയാ നിർത്തരുത്. രക്തം കഫത്തിൽ വരിക, കഠിനമായ ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം.
