India Kerala

സുരക്ഷിതമല്ലാതെ കൊച്ചി നഗരം; തീപിടുത്തം പതിവാകുന്നു

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ കഴിയാത്ത വിധത്തിലാണ് കൊച്ചി നഗരത്തിന്റെ വികസനം മുന്നോട്ട് പോകുന്നതെന്നാണ് ഇന്നലെ നഗരത്തില്‍ ഉണ്ടായ തീപിടുത്തം വ്യക്തമാക്കുന്നത്. കെട്ടിട നിര്‍മാണചട്ടലംഘനം തുടരുമ്പോള്‍ സുരക്ഷാവാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത പൊതു വഴികളാണ് ഇന്ന് നഗരത്തിലുള്ളത്. ഇഴഞ്ഞ് നീങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളും നഗരത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ദിനംപ്രതി വികസിച്ച് കൊണ്ടിരിക്കുകയാണ് കൊച്ചി നഗരം. പക്ഷേ ആ വികസനങ്ങള്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് സംശയം. ഒരു മാസത്തിനിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്. തീയണക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാതിരുന്ന ബഹുനില കെട്ടിടത്തിന് എങ്ങനെ ഫയര്‍ലൈസന്‍സ് ലഭിച്ചുവെന്നത് വ്യക്തമല്ല. ഇത്തരം നൂറ് കണക്കിന് കെട്ടിടങ്ങളാണ് കൊച്ചിയിലുള്ളത്. സുരക്ഷ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കെട്ടിടത്തിന് ചുറ്റും തകരഷീറ്റ് ഉപയോഗിച്ച് മറച്ചിട്ട് വര്‍ഷങ്ങളായി. പരിശോധനകള്‍ കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവാണിത്. നഗരകേന്ദ്രീകൃതമായി ഏത് അപകടവും നേരിടാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷസംവിധാനങ്ങള്‍ ഇല്ല എന്നതും ഇന്നലത്തെ സംഭവത്തോടെ കൂടുതല്‍ വ്യക്തമായി. അത്യാധൂനികരീതിയില്‍ തീ അണക്കാനുള്ള സംവിധാനങ്ങള്‍ അഗ്നിശമന സേനയുടെ കൈവശം അപര്യാപ്തം.

തീ പിടിച്ച നഗരപ്രദേശങ്ങളിലേക്ക് ഫയര്‍ എഞ്ചിനുകള്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത അവസ്ഥ. അശാസ്ത്രീയമായ ഓട നിര്‍മാണങ്ങള്‍ തുടങ്ങി കയ്യേറ്റങ്ങള്‍ വരെ നഗരത്തെ കൂടുതല്‍ ഇടുങ്ങിയതാക്കുന്നു. നഗരത്തിലെ വൈദ്യുതി കേബിള്‍ തുടങ്ങി എല്ലാ കേബിള്‍ സംവിധാനവും പൂര്‍ണമായും മണ്ണിനടിയിലൂടെയാക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മെട്രോ നിര്‍മാണവും മേല്‍പ്പാലങ്ങളുടെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുന്നത് നഗരത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നു. ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലുമടക്കം അഗ്നിശമന സംവിധാനങ്ങളുടെ പരിശോധന കാര്യക്ഷമമാക്കുകയും നഗരത്തിലെ അടിസ്ഥാന സൌകര്യവികസനത്തിന് വേഗത കൈവരുകയും ചെയ്തില്ലെങ്കില്‍ വലിയൊരു അപകടമായിരിക്കും നഗരത്തെ കാത്തിരിക്കുന്നത്.