ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്കിന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കോമാന് പി.എസ്.ജിയുടെ വല കുലുക്കുകയായിരുന്നു.
മത്സരത്തിന്റെ ഇരുപതാം മിനുട്ടില്‍ നെയ്മറിന് ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരം ബയേണ്‍ ഗോള്‍കീപ്പര്‍ ന്യൂയറിന്റെ മികവില്‍ ലക്ഷ്യത്തിലെത്താതെ പോയി. പിന്നീട് നടന്ന കടുത്ത പോരാട്ടത്തില്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കിമ്മിക്കിന്റെ മനോഹരമായ പാസ് ബയേണിന് വേണ്ടി കോമാന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ക്വാർട്ടറിൽ ബാഴ്സലോണയെ 8-2നും സെമിയിൽ ഒളിമ്പിക് ലിയോണിനെ 3-0നും വീഴ്ത്തിയാണ് ബയേണ്‍ ഫെെനലിലേക്ക് കുതിച്ചത്. അതേ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും രണ്ടാം പകുതിയില്‍ നേടിയ ഒറ്റ ഗോളിന്റെ മികവില്‍ ബയേണ്‍ ആറാം കിരീടം ചൂടുകയായിരുന്നു. എന്നാല്‍ ജര്‍മന്‍ ടീമായ ആര്‍ബി ലീപ്സിംഗിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കലാശപ്പോരാട്ടത്തിന് എത്തിയ പി.എസ്.ജിക്ക് മൈതാനത്ത് നിന്ന് നിരാശയോടെ മടങ്ങാനായിരുന്നു വിധി.