ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് ഏതായാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല
ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ലിയോണിനെ തകര്‍ത്താണ് ബയേണ്‍ 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് കടക്കുന്നത്. സെര്‍ജ് നാബ്രി രണ്ടും ലെവന്‍റോസ്കി ഒരു ഗോളും നേടി ബയേണിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫൈനലില്‍ ശക്തരായ പി.എസ്.ജിയാണ് ബയേണിന്‍റെ എതിരാളികള്‍.
തുടക്കം മുതല്‍ക്കേ കളിയില്‍ ആധിപത്യം സൃഷിക്കാന്‍ ബയേണിനായിരുന്നു. 19 തവണയാണ് ബയേണ്‍ ലിയോണ്‍ ഗോള്‍വല കുലുക്കാന്‍ ശ്രമിച്ചത്. 66 ശതമാനം പൊസെഷനോടെ ബയേണ്‍ കളം നിറഞ്ഞാടിയപ്പോള്‍ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയ ലിയോണിന് കാലിടറി. പതിനെട്ടാം മിനുറ്റിലും മുപ്പത്തിമൂന്നാം മിനുറ്റിലും നാബ്രി ലിയോണിന്‍റെ ഗോള്‍ വല കുലുക്കിയപ്പോള്‍ മനോഹരമായ ഒരു ഹെഡറിലൂടെ ചാമ്പ്യന്‍സ് ലീഗിലെ തന്‍റെ പതിനഞ്ചാം ഗോള്‍ നേടിക്കൊണ്ട് ലവന്‍റോസ്കി ബയേണിന്‍റെ വിജയം ആധികാരികമാക്കി.
ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വിയറിയാതെയാണ് ബയേണ്‍ ഫൈനലിലെത്തിയത്. നെയ്മറും എംബാപ്പെയുമടങ്ങുന്ന പി.എസ്.ജിയും ശക്തരാണ്. എന്നാല്‍, മത്സരത്തിനുശേഷം എതിര്‍ താരവുമായി ജഴ്സി കൈമാറിയ നെയ്മറിന് ഫൈനല്‍ കളിക്കാനുള്ള യോഗ്യത നഷ്ടമാവുമോ എന്ന ആശങ്കയിലാണ് പി.എസ്.ജി ആരാധകര്‍. മുള്ളറും ലെവന്‍റോസ്കിയുമെല്ലാം അടങ്ങുന്ന ബയേണ്‍ നിര ശക്തമാണെന്നിരിക്കെ, ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് ഏതായാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഇരുപത്തിനാലാം തിയതിയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍