തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും
വിപ്പ് നല്‍കുന്നതിനെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കം രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കാനാണ് ജോസ് വിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന് കാണിച്ച് വിപ്പ് നല്‍കാന്‍ പി.ജെ ജോസഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
യഥാർത്ഥ പാർട്ടി ആരെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ നേരത്തെ പാർട്ടി വിപ്പായി തെരഞ്ഞെടുത്ത റോഷി അഗസ്റ്റിൻ തന്നെ വിപ്പ് നല്‍കുമെന്നാണ് ജോസ് വിഭാഗം പറയുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് ജോസ് വിഭാഗത്തിന്‍റെ തീരുമാനം . നിയമസഭയിലും പുറത്തും സ്വതന്ത്ര നിലപാട് തുടരും. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും ഈ നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് ജോസ് കെ. മാണി പറയുന്നത്.
ഈ നിലപാട് ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് ഉൾപ്പെടെ എല്ലാ എം.എൽ.എമാർക്കും വിപ്പ് നൽകുമെന്നാണ് ജോസ് വിഭാഗം പറയുന്നത്. എന്നാൽ വിപ്പ് നൽകേണ്ടത് താനാണെന്നും എതിർ വിഭാഗം ഇത് പാലിക്കേണ്ടി വരുമെന്നും മോൻസ് ജോസഫ് പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിലും രാജ്യസഭ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് വോട്ടുകൾക്ക് പ്രാധാന്യം ഇല്ലെന്നിരിക്കെയാണ് വിപ്പിനെ ചൊല്ലിയുള്ള പുതിയ ഏറ്റുമുട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി ധാരണ ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമസഭാ സമ്മേളനത്തിന് ശേഷമേ നിലപാട് പരസ്യമാക്കൂ എന്നാണ് സൂചന.