Kerala

‘കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ’; യു.എ.പി.എ തടവുകാരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടുള്ള സി.പി.ഐ.എം സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്‍റെ മാതാവ്

അഖിലേന്ത്യാ പ്രതിഷേധ വാരത്തിൻ്റെ ഭാഗമായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്‍റെ മാതാവ് സബിത ശേഖര്‍. ‘യു.എ.പി.എ, എൻ.എസ്.‌എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക‘ എന്ന് ആവശ്യപ്പെട്ടുള്ള സി.പി.ഐ.എം പോസ്റ്ററിനെതിരെയാണ് സി.പി.ഐ.എം സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച അലന്‍ ഷുഅൈബിന്‍റെ അമ്മ സബിത ശേഖര്‍ രംഗത്തുവന്നത്. ‘കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ’ എന്നാണ് സബിത ശേഖര്‍ പോസ്റ്ററിന് താഴെ കമന്‍റ് ചെയ്തത്. സി.പി.ഐ.എം സംസ്ഥാനം ഭരിക്കുമ്പോള്‍ സിപിഎം അംഗങ്ങളായ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് എന്ന് ആരോപിച്ച യു.എ.പി.എ ചുമത്തി ജയിലിലടച്ചതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഅൈബ് കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ സി.പി.എം പാറമേല്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്.

ആഗസ്‌ത്‌ 23ന്‌ 16 ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ്‌ സി.പി.ഐ.എം അംഗങ്ങളും അനുഭാവികളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും വീട്ടുമുറ്റത്തും‌ പാർട്ടി ഓഫീസുകളിലും സത്യഗ്രഹം നടത്തുന്നത്. വൈകുന്നേരം 4 മണി മുതൽ 4.30 വരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുക. 5 ലക്ഷം കേന്ദ്രങ്ങളിലായി 20 ലക്ഷമാളുകൾ കേരളത്തിൽ സത്യഗ്രഹത്തിൻ്റെ ഭാഗമാകും.

'കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ'; യു.എ.പി.എ തടവുകാരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടുള്ള സി.പി.ഐ.എം സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്‍റെ മാതാവ്