സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍. അഞ്ചുതെങ്ങില്‍ വനിതാ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. പുറത്തുപോയി മത്സ്യകച്ചവടം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ പൂന്തുറയിലും പ്രതിഷേധം ഉണ്ടായിരുന്നു. പ്രദേശം പൂര്‍ണമായി അടച്ചിടുന്ന രീതി മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
രാവിലെ ആറ് മുതല്‍ അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മൊത്തക്കച്ചവടക്കാര്‍ക്ക് അഞ്ചുതെങ്ങില്‍ വന്ന് മത്സ്യം വാങ്ങി പോകാന്‍ കഴിയുമ്പോഴും തലചുമടായി മത്സ്യംകൊണ്ടു വില്‍ക്കുന്ന തൊഴിലാളികള്‍ക്ക് പുറത്തുപോയി വിപണം നടത്താന്‍ അനുമതിയില്ലാതെ തുടരുന്നതാണ് ഇവരെ പ്രകോപിതരാക്കിയത്.
ഡിവൈഎസ്പയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഉപരോധം മാറ്റിയെങ്കിലും പ്രതിഷേധത്തിന് അയവു വന്നില്ല. ഇന്നലെ പൂന്തുറ പുത്തന്പള്ളയില് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ടു.
രോഗികളുള്ള പ്രദേശം മാത്രം അടച്ചിടുകയെന്ന പുതിയ രീതി നഗരത്തില്‍ നടപ്പാക്കുമ്പോള്‍ തീരദേശം പൂര്‍ണമായി കണ്ടെയിന്മെന്റ് സോണായി തുടരുകയാണ്. മത്സ്യതൊഴിലാളികള്‍ മാത്രമല്ല ഈ പ്രദേശങ്ങളിലെ മറ്റുതൊഴിലാളികള്‍ക്കും പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ കടകളില്‍ ജോലി ചെയ്യുന്നവര്‍, ഓട്ടോ – ടാക്സി തൊഴിലാളികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരുടെയും ഉപജീവനം തടസപ്പെട്ടിരിക്കുകയാണ്. തീരപ്രദേശത്ത് രോഗവ്യാപനത്തിന് ശമനം ഉണ്ടായ സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലേതു പോലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.