സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു
ബെംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചിക്കുന്നതായി കര്‍ണാടക ഗ്രാമവികസനകാര്യ മന്ത്രി കെ.എസ് ഈശ്വരപ്പ. എസ്.ഡി.പി.ഐ വളരെ നിസാരമായ സംഘടനയാണെന്നും അതിനെ നിരോധിക്കാന്‍ ആലോചിക്കുന്നതായുമാണ് കെ.എസ് ഈശ്വരപ്പ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആഗസ്റ്റ് 20ന് നടക്കുന്ന മന്ത്രസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് മന്ത്രി സി ടി രവി ആരോപിച്ചിരുന്നു. ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാവ് മുസമ്മില്‍ പാഷയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതെ സമയം കേസില്‍ സ്വതന്ത്രൃ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. 206 പേരെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്നുള്ള പൊലീസ് വെടിവെപ്പില്‍ 3 പേര് കൊല്ലപ്പെട്ടിരുന്നു. നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി കേസില്‍ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.