പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് നിഷേധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
തെളിവ് കൈമാറിയാൽ നടപടി ഉണ്ടാകും. ഉറപ്പു നൽകുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ഉയരുന്നുണ്ട്. പാകിസ്താനെ തൊട്ടാൽ ഉറപ്പായും തിരിച്ചടിച്ചിരിക്കും. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യുദ്ധം തുടങ്ങാൻ എളുപ്പമാണ്. ചർച്ചയും നയതന്ത്രവും മാത്രമാണ് ശരിയായ വഴി. പാകിസ്താനെതിരെ നടപടി തുടങ്ങിയാൽ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകുമായിരിക്കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞദിവസം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ 250 കിലോഗ്രാമിലേറെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേറിനൊപ്പം പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം. ജെയ്‌ശെ മുഹമ്മദ് എന്ന ഭീകരസംഘടന ആക്രമണം നടന്ന ഉടന്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.