കാസർകോട് പെരിയ ഇരട്ട കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമെന്ന് പൊലീസ്. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. .കൊലപാതകത്തിന് വഴികാട്ടിയായ മൂന്ന് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.ഇവരെ വിശദമായ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയവരാണ് കൊലപാതകം നടത്തിയത്.അക്രമികൾ കേരളം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്.സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.കൊലയാളികളെ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഇന്നലെ വിലാപയാത്ര കടന്ന് പോയതിന് തൊട്ട് പിന്നാലെ പെരിയയിലും പരിസര പ്രദേശങ്ങളിലും വ്യാപക സംഘർഷങ്ങളാണ് അരങ്ങേറിയത്. പെരിയ ബസാറിൽ എ.കെ.ജി മന്ദിരം ഒരു സംഘം തീയിട്ടു നശിപ്പിക്കുകയും എ.കെ.ജി സ്മാരക ഗ്രന്ഥാലയവും റെഡ് സ്റ്റാര്‍ ക്ലബ്ബും പാര്‍ട്ടി ഓഫീസും തകര്‍ക്കുകയും ചെയ്തു . പതിനഞ്ചോളം ബൈക്കുകളും ഒരു ഓട്ടോറിക്ഷയും തകര്‍ത്ത നിലയിലാണ്.നിരവധി വീടുകൾ തകർക്കുകയും തീ വെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രദേശങ്ങളിലെ സി.പി.എം നേതാക്കളുടെ സന്ദർശനം സുരക്ഷ ഭീഷണിയെ തുടർന്ന് മാറ്റി വെച്ചു. പ്രദേശത്ത് വൻ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.