മൗറീഷ്യസ് ദ്വീപിനടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്ധന ടാങ്കർ മുങ്ങി. ജപ്പാന്റെ ഷിപ്പ് കാർഗോയിലെ 2,500 ടൺ ഓയിലിൽ നിന്ന് നാല് ടൺ ഇപ്പോൾ തന്നെ കടലിൽ പരന്ന് കഴിഞ്ഞു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള പോയിന്റ് ഡി എസ്‌നിയിലാണ് കപ്പൽ തകർന്നത്. ഇത് ബ്ലൂ ബേ മറൈൻ പാർക്ക് റിസർവിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകൾക്കും അടുത്താണ്.
നഗസാക്കി ഷിപ്പിംഗ് കമ്പനിയുടെ എംവി വക്കാഷിയോ എന്ന കപ്പലാണ് മൗറീഷ്യസിന്റെ തെക്ക് കിഴക്കൻ തീരത്ത് ജൂലൈ 25 മുതൽ കുടുങ്ങിക്കിടക്കുന്നത്. പാരിസ്ഥിതിക സംഘടനയായ ഗ്രീൻപീസ് ഇത് മൗറീഷ്യസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും എന്ന് മുന്നറിയിപ്പ് നൽകുന്നു.
കറുത്ത നിറത്തിൽ എണ്ണ കടലിൽ പരന്ന് കിടക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് പാറകളിടിച്ച് തകർന്ന യെമനിൽ നിന്നുള്ള കപ്പലിൽ നിന്ന് എണ്ണ ചോരാന്‍ തുടങ്ങിയത്.
ജൂലൈ അവസാനമാണ് എണ്ണ ചോരാൻ തുടങ്ങിയതെന്നാണ് വിവരം. ഇത് ഇന്ത്യൻ മഹാസമുദ്ര ദ്വീപിന് ചുറ്റുമുള്ള പവിഴങ്ങൾ, മത്സ്യങ്ങൾ, മറ്റ് സമുദ്ര ജീവികൾ എന്നിവയെ അപകടത്തിലാക്കുന്നുവെന്ന് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. വെള്ളിയാഴ്ച രാജ്യത്ത് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫ്രഞ്ച് ദ്വീപ് റീയൂണിയനോട് ചേർന്ന് കിടക്കുന്ന മൗറീഷ്യസ് ഫ്രാൻസിനോട് പ്രശ്‌നത്തിൽ സഹായം അഭ്യർത്ഥിച്ചു. ഫ്രാൻസ് മൗറീഷ്യസിലേക്ക് പ്രത്യേക സംഘത്തിനെ അയച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ ടാങ്കർ ഒഴിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് കപ്പലിന്‍റെ ഉടമയായ നാഗസാക്കി കമ്പനി പറയുന്നത്.
യുഎന്നും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി. ചോർച്ച അടിയന്തരമായി തടയണമെന്നാണ് മുന്നറിയിപ്പ്. മൗറീഷ്യസിന്റെ സമ്പത്ത് വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ മേഖലകൾക്ക് ഭീകര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മറ്റ് പരിസ്ഥിതി സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിലും കപ്പലിൽ നിന്ന് മാലിന്യം ചോരുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. മൗറീഷ്യസ് ദ്വീപിന് ചുറ്റും നിലനിൽക്കുന്ന പവിഴപ്പുറ്റുകൾ ആണ് ദ്വീപിന്റെ സന്തുലിതാവസ്ഥയെ നില നിർത്തുന്നത്. ഇവയെ ഈ മാലിന്യങ്ങൾ നശിപ്പിക്കും.