Uncategorized

ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും

ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തും. മഹാരാഷ്ട്ര രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങള്‍ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. നിക്ഷേപം പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയടക്കമുള്ള മേഖലകളില്‍ ധാരണാപത്രങ്ങളും ഒപ്പു വച്ചേക്കും.

കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവിടെ നിന്ന് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ്വിദ്വിന സന്ദര്‍ശനത്തിനായാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സംഘവും എത്തുന്നത്. സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ചയുണ്ടായേക്കും. പ്രധാനമന്ത്രിയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഊര്‍ജം, സുരക്ഷ, വ്യാപാരം, അടിസ്ഥാന സൌകര്യ വികസനം, ടൂറിസം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

മഹാരാഷ്ട്ര രത്നഗിരിയിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപം പ്രധാന ചര്‍ച്ചയാകും. സൌദിയുടെ പൊതുമേഖല എണ്ണ കമ്പനിയായ അരാംകോയും അബുദബിയുടെ എണ്ണ കമ്പനി അഡ്നോകും ചേര്‍ന്നാകും രത്നഗിരിയില്‍ നിക്ഷേപം നടത്തുക. ഇരു കമ്പനികളും നേരത്തെ ഇതിനായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. പദ്ധതിയില്‍ 44 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നീ എണ്ണ കമ്പനികള്‍ക്കാണ് ഇതില്‍ നിക്ഷേപമുള്ളത്.