India National

വിവാദമായ കശ്മീര്‍ പ്രസ്താവന തിരുത്തി കമല്‍ഹാസന്‍

ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. ജനഹിത പരിശോധന അനിവാര്യമല്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കമല്‍ പറഞ്ഞു. ദശാബ്ദങ്ങൾക്കു മുമ്പ് താന്‍ എഡിറ്റു ചെയ്ത ഒരു മാസികയുടെ പശ്ചാത്തലത്തിലാണ് ജനഹിത പരിശോധനയെക്കുറിച്ച് പറഞ്ഞതെന്നും, എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും, അതിന് ഇന്ത്യ എന്തിനാണ് ഭയപ്പെടുന്നതെന്നുമായിരുന്നു കമല്‍ ചോദിച്ചത്. പാക് അധിനിവേശ കശ്മീരിനെ ‘സ്വതന്ത്ര കശ്മീര്‍’ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

കശ്മീര്‍ പ്രശ്നത്തില്‍ ഞെട്ടിക്കുന്ന പ്രസ്താവന; കമല്‍ഹാസനെതിരെ പ്രതിഷേധം

”കശ്മീരിലേക്ക് സൈനികര്‍ പോകുന്നത് വീരമൃത്യു വരിക്കാനാണെന്ന് ജനങ്ങള്‍ പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. സൈന്യം എന്നത് ഒരു പഴഞ്ചന്‍ സംവിധാനമാണ്. ലോകം ഒരുപാട് മാറിക്കഴിഞ്ഞു. പണ്ട് ഭക്ഷണത്തിനായി കൊല്ലുന്നത് അവസാനിപ്പിച്ചതു പോലെ മറ്റുള്ള കാര്യങ്ങള്‍ക്കും മനുഷ്യര്‍ പരസ്പരം യുദ്ധം ചെയ്യുന്നതും അവസാനിക്കുന്ന സമയം വരും. ഇന്ത്യയിലേയും പാകിസ്താനിലേയും രാഷ്ട്രീയ നേതൃത്വം ശരിയായ രീതിയില്‍ പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ ഒരു സൈനികനും പിന്നെ കൊല്ലപ്പെടുകയില്ല.” – കമല്‍ഹാസന്‍ പറയുകയുണ്ടായി.