India National

സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു

സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛത്തിസ്ഗഡിലെ ഖനിതൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പേരാടിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്.

കോർപറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ഛത്തിസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇലീന. മാവോയിസ്റ്റുകളെ നേരിടാൻ എന്ന പേരിൽ രൂപം കൊടുത്ത സൽവ ജുദുമിനെതിരായ ബിനായകിന്‍റെ പോരാട്ടത്തിനൊപ്പവും ഇലീനയുണ്ടായിരുന്നു. ബിനായക് സെന്നിനെ സര്‍ക്കാര്‍ പിന്നീട് വേട്ടയാടിയത് സാല്‍വ ജുദൂമിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ഇലീന പറയുകയുണ്ടായി. ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ മോചനത്തിനായി നീണ്ട നിയമ പോരാട്ടവും അവര്‍ നടത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ബിനായക് സെന്നിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

വാര്‍ധയിലെ മഹാത്മാഗാന്ധി ഇന്റർനാഷനൽ ഹിന്ദി യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു ഇലീന. ഇൻസൈഡ് ഛത്തിസ്ഗഡ്: എ പൊളിറ്റിക്കൽ മെമ്മയർ, സുഖവാസിൻ: ദി മൈഗ്രന്റ് വുമൻ ഓഫ് ഛത്തിസ്ഗഡ് എന്നീ പുസ്തകങ്ങള്‍ എഴുതി.