രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവന് നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല. പെട്ടിമുടിയെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് മറ്റ് കാര്യങ്ങളാണ്. വീടും ജോലിയുമെല്ലാം പിന്നീട് വരേണ്ടതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാജമല സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കണമെന്നും മുഖ്യമന്ത്രി വരാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ വലിയ അതൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, നാട്ടുകാരുടെ വികാരമാണ് പങ്കുവെയ്ക്കുന്നത്. തെരച്ചിൽ ഊർജിതമാക്കി എല്ലാവരെയും വേഗം കണ്ടെത്തണമെന്നും ചെന്നിത്തല പറഞ്ഞു.