അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.
കൊറോണിൽ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയിലാണ് പിഴ വിധിച്ചത്.
”പതഞ്ജലിയും ദിവ്യ യോഗ് മന്ദിർ ട്രസ്റ്റും പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവരുടേത് 10000 കോടിയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തിയും ഭയവും അവർ ചൂഷണം ചെയ്യുകയാണ്. കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഉപയോഗിക്കാവുന്ന പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്ന് മാത്രമാണ് കൊറോണിൽ”- 104 പേജുള്ള ഉത്തരവിൽ ജസ്റ്റിസ് സി വി കാർത്തികേയൻ വ്യക്തമാക്കി.
5 ലക്ഷം രൂപ വീതം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും ഗവൺമെന്റ് യോഗ ആന്റ് നാച്ചുറോപ്പതി മെഡിക്കൽ കോളജിനും പതഞ്ജലി നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ സ്ഥാപനങ്ങൾ ഒരു അവകാശവാദവും പറയാതെ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആഗസ്ത് 21ന് മുൻപ് പതഞ്ജലി പിഴ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.
ഗുളികക്ക് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കൊറോണിൽ-213എസ്പിഎൽ, കൊറോണിൽ 92ബി എന്നിവ തങ്ങളുടെ വ്യാവസായിക ശുചീകരണ കെമിക്കലിന്റെ പേരായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നാണ് അരുദ്രയുടെ പരാതി.