Kerala

ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി

ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ എല്ലാം തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു.

ആലുവ ജല ശുദ്ധീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്നും 3.8 മീറ്റർ രേഖപ്പെടുത്തി. ആലുവ ജല ശുദ്ധീകരണ ശാലയിൽ കുടിവെള്ള പമ്പിങ്ങിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

കളമശേരി ഏലൂർ നഗരസഭയിലെ താഴ്ന്ന പ്രദേശമായ പതിമൂന്നാം വാർഡ് ബോസ്‌കോ കോളനിയിൽ വെള്ളം കയറുന്നുണ്ട്. പതിനാലാം വാർഡ് കുറ്റികാട്ടുകര ഗവൺമെന്റ് യുപി സ്‌കൂളിൽ അടിയന്തിരമായി ക്യാമ്പ് ആരംഭിച്ചു. 45 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെ ജില്ലയിൽ വിവിധ കോളനികളിലടക്കം വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. അലുവ ശിവരാത്രി മണപ്പുറത്തും വെള്ളം കയറി. പെരിയാറിൽ ജല നിരപ്പ് ഉയർന്നു. ഈ സഹാചര്യത്തിൽ ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.