പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്
ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ കയ്യേറ്റം ഉണ്ടായി എന്ന് പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ഇനിയും പ്രധാനമന്ത്രി നുണ പറയുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.
മെയ് 5 മുതൽ ഗാൽവാൻ താഴ്വരയിൽ ചൈന പ്രകോപനം ആരംഭിച്ചു. മെയ് 17, 18 ദിവസങ്ങളിൽ കുഗ്രാങ് നാല, ഗോഗ്ര, പാങ്കോംഗ്സൊ തടാകത്തിന്റെ വടക്കൻ കര എന്നിവിടങ്ങളിൽ ചൈന അതിക്രമിച്ചു കയറി. ഇങ്ങനെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. ഇക്കാര്യം മന്താലയത്തിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിലെ രേഖകളിൽ ഇക്കാര്യം വന്നിട്ടും പ്രധാനമന്ത്രി ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു . ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി അംഗീകരിച്ച് ചൈനയ്ക്ക് ശക്തമായ മറുപടി നൽകണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎൻ സുരക്ഷാ സമിതിയിലേക്ക് കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയം ഇത്തരത്തിൽ ചർച്ചയിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. തീരുമാനത്തിൽ നിന്ന് ചൈന പിന്നോട്ട് പോകണം. ചൈന നേരത്തെ നടത്തിയ സമാന ശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.