അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂർ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററിൽ പങ്കുവെച്ച മോദിയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടിയായ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമർശനം. അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ശോഭ കരന്ദലജെയുടെ ട്വീറ്റ്.
”സ്നേഹിക്കാൻ പഠിച്ചിട്ടില്ല, ത്യാഗവും പഠിച്ചിട്ടില്ല, കരുണ പഠിച്ചിട്ടില്ല, പ്രതിപത്തിയും പഠിച്ചിട്ടില്ല.. രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങള്‍ സന്തുഷ്ടരാണ്,” എന്നാണ് ശോഭ കരന്ദലജെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് തരൂരിന്റെ മറുപടി.
രാമ രാജ്യം എന്നത് വർഗീയതയുടെ വിജയത്തിനുള്ള അവസരമല്ലെന്ന് മറ്റൊരു ട്വീറ്റിൽ ശശി തരൂരി വ്യക്തമാക്കി- “ശ്രീരാമൻ നീതി, ന്യായം, ധാർമികത, ധൈര്യം എന്നിവയുടെ സംഗ്രഹമാണ്. ഇത്തരം ഇരുണ്ട നാളുകളിൽ ഈ മൂല്യങ്ങൾ വളരെയധികം ആവശ്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാൽ രാമരാജ്യം എന്നത് വർഗീയത വിജയിക്കുന്ന അവസരമായിരിക്കില്ല. # ജയ്ശ്രീറാം!” എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.
രാഹുൽ ഗാന്ധിയും രാമന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടിയാണ് പ്രതികരിച്ചത്- മാനവികതയുടെ സ്വരൂപമാണ് മര്യാദാപുരുഷോത്തമനായ രാമൻ. രാമൻ എന്നാൽ സ്നേഹമാണ്, ഒരിക്കലും വെറുപ്പിൽ പ്രകടമാവില്ല. രാമൻ എന്നാൽ അനുകമ്പയാണ്, ക്രൂരതയിൽ പ്രകടമാവില്ല. രാമൻ എന്നാൽ നീതിയാണ്, ഒരിക്കലും അനീതിയുള്ളിടത്ത് രാമന്റെ സാന്നിധ്യമുണ്ടാകില്ല- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.