കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്. 1992ൽ കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ വെച്ച് കലാഭവൻ മണിയുമായി നടത്തിയ അഭിമുഖമാണ് പുറത്തിറങ്ങിയത്. മണിയുടെ കലാജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖ സംഭാഷണം പുറത്തിറക്കിയത്. കലാഭവനില്‍ വന്നതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നിയതെന്നും ആളുകള്‍ വില നല്‍കിയതെന്നും മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല ബുദ്ധിമുട്ടാണെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും കലാഭവന്‍ മണി അഭിമുഖത്തില്‍ പറഞ്ഞു. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.
അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണി ഇതിനോടകം നിരവധി സിനിമാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തി ശ്രദ്ധേയനാണ്. ഹോം സിനിമകളിലൂടെ പ്രശസ്തനായ സലാം കൊടിയത്തൂരിന്റെ ‘പരേതന് തിരിച്ചുവരുന്നു’ എന്ന ചിത്രത്തിലും ഏ.വി.എം ഉണ്ണി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ ക്യാമറ പ്രശസ്തമല്ലാത്ത 1980കള്‍ മുതല്‍ തന്നെ ഏ.വി.എം ഉണ്ണി ഛായാഗ്രഹണമേഖലയില്‍ പ്രവര്‍ത്തിക്കുകയും മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയുള്ള ആദ്യ വീഡിയോ അഭിമുഖമാണ് കലാഭവന്‍ മണിയുടേതായി പുറത്തിറങ്ങിയത്. വൈകാതെ തന്നെ മറ്റു പ്രശസ്തരായ സിനിമാ-സാംസ്കാരിക പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും വീഡിയോകളും ചാനല്‍ വഴി പുറത്തിറക്കുമെന്ന് ഏ.വി.എം ഉണ്ണിയുടെ മകനും ഛായാഗ്രഹകനുമായ ലുഖ്മാനുല്‍ ഹക്കീം അറിയിച്ചു.