കൊല്ലം ഏരൂരില്‍ ദലിത് ബാലനെ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഗവര്‍ണറുടെ ഇടപെടല്‍. കേസിന്‍റെ നിജസ്ഥിതി അന്വേഷിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസിന്‍റെ വിവരങ്ങള്‍ പൊലീസ് മറച്ചു വയ്ക്കുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ സമയം തേടി.
കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ദലിത് ബാലനെ വാഴയുടെ ഇലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ശാസ്ത്രീയമായി അന്വേഷിക്കാതെ തൂങ്ങി മരണമെന്ന് കാണിച്ച് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് മീഡിയാവണ്‍ വിവരം പുറംലോകത്തെത്തിച്ചത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏഴ് മാസത്തിനിപ്പുറം പട്ടികജാതി കമ്മീഷന്‍ കേസെടുക്കുകയായിരുന്നു.സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഹൈക്കോടതി ഇടപെടലുമുണ്ടായിട്ടുണ്ട്.