India National

നാട്യം തുടരാത്തതിൽ സന്തോഷം, സാഹോദര്യത്തെ കുറിച്ച് പൊള്ളയായ വാക്കുകൾ എന്തിന്?

ഇനിയും അഭിനയിക്കാത്തതിൽ സന്തോഷം, ബാബരി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാമെന്നുമാണ് ഉവൈസി വ്യക്തമാക്കിയത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് നടക്കുന്ന ഭൂമിപൂജ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതാകട്ടെ എന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദീന്‍ ഉവൈസി. ഇനിയും അഭിനയിക്കാത്തതിൽ സന്തോഷം, ബാബരി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാമെന്നുമാണ് ഉവൈസി വ്യക്തമാക്കിയത്.

‘അവര്‍ ഇനിയും നാട്യം തുടരാത്തതിൽ സന്തോഷം. തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കണമെന്നാണ് അവർക്ക് തോന്നുന്നതെങ്കിൽ അങ്ങനെയാവട്ടെ. പക്ഷെ എന്തിനാണ് സാഹോദര്യത്തെക്കുറിച്ചുള്ള പൊള്ളയായ സംസാരം? നാണിക്കേണ്ട, ബാബറി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ അഭിമാനിക്കുക,’ എന്നാണ് ഉവൈസിയുടെ ട്വീറ്റ്.

ദേശീയ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് പ്രിയങ്ക ​ഗാന്ധി ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത.. ഇതൊക്കെയാണ് രാമൻ. രാമൻ എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട് എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.