India Kerala

കാസര്‍കോട് ഇരട്ടക്കൊല: രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ക്രൈം ബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.

ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിലാപ യാത്രയായി മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരെത്തി.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് എഫ്.ഐ.ആറും‍. സി.പി.എം – കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ‍ പൊലീസിന്‍റെ നിഗമനം. തലച്ചോറ് പിളര്‍ന്ന് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ട്. പ്രാദേശിക സി.പി.എം നേതൃത്വത്തില്‍ നിന്ന് കൃപേഷിന് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി ബന്ധു പറഞ്ഞു.